പുതിയ കാര്‍ മേടിക്കുമ്പോള്‍ 'നോ ക്ലെയിം ബോണസ്'(NCB) എങ്ങനെ പ്രയോജനപ്പെടുത്താം? ഈ സംശയം പലര്‍ക്കുമുണ്ട്. നോ ക്ലെയിം ബോണസ് - പേരില്‍ തന്നെ ഇതിന്റെ അര്‍ത്ഥം വ്യക്തം. അപകടത്തില്‍പ്പെടുത്താതെ വാഹനം കൊണ്ടുനടക്കുന്ന ഉടമകള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്കുന്ന ആനുകൂല്യമാണ് നോ ക്ലെയിം ബോണസ്.
പഴയ കാര്‍ വില്ക്കുമ്പോള്
പുതിയ കാറില്‍ നോ ക്ലെയിം ബോണസ് ലഭിക്കണമെങ്കില്‍ ആദ്യം എന്‍സിബി ആനുകൂല്യമുള്ള നിലവിലെ കാര്‍ വില്‍ക്കണം. മറ്റു വ്യക്തികള്‍ക്ക് അല്ലെങ്കില്‍ ഡീലര്‍ക്ക് നേരിട്ടു കാര്‍ വില്‍ക്കാം; നോ ക്ലെയിം ബോണസിന് കോട്ടം തട്ടില്ല. എന്നാല്‍ വില്പന നടന്നതായുള്ള വില്‍പനപത്രവും ഉടമസ്ഥത കൈമാറിയതായ രേഖയും നേടണം.
നോ ക്ലെയിം ബോണസ് (NCB) സര്‍ട്ടിഫിക്കേറ്റിന് വേണ്ടി അപേക്ഷിക്കുമ്പോള്‍
പോളിസിയുള്ള വ്യക്തി പഴയ കാര്‍ വിറ്റെന്നു കാണിച്ചു ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് ഔദ്യോഗികമായി കത്ത്/ഇമെയില്‍ അപേക്ഷ അയക്കണം. ഒപ്പം പഴയ കാറില്‍ നേടിയ നോ ക്ലെയിം ബോണസ് പുതിയ കാറില്‍ പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. ഇമെയില്‍ സന്ദേശം അയക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസി വിവരങ്ങള്‍ പരമാര്ശിക്കാന് മറക്കരുത്.
ആവശ്യമായ രേഖകള്‍
അപേക്ഷയ്ക്ക് ഒപ്പം സര്‍പ്പിക്കേണ്ട രേഖകള്‍:
- പഴയ കാര്‍ വിറ്റത് സൂചിപ്പിക്കുന്ന വില്പനപത്രത്തിന്റെ പകര്‍പ്പ്
- പുതിയ കാര്‍ ബുക്ക് ചെയ്ത ഫോമിന്റെ പകര്‍പ്പ്
- പഴയ കാറിലെ ഇന്‍ഷൂറന്‍സ് പോളിസിയുടെ പകര്‍പ്പ്
നോ ക്ലെയിം ബോണസിന്റെ ഉപയോഗം
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ രണ്ടു പ്രവര്‍ത്തി ദിവസത്തിനകം എന്‍സിബി സര്‍ട്ടിഫിക്കറ്റ് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കും. നോ ക്ലെയിം ബോണസ് നിലനിൽക്കുന്നുണ്ടെന്ന തെളിവാണിത്.സര്‍ട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തില്‍ പുതിയ കാറിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ കിഴിവ് നേടാം. എന്‍സിബി സര്‍ട്ടിഫിക്കേറ്റുണ്ടെങ്കില്‍ പ്രീമിയം തുകയില്‍ അമ്പതു ശതമാനം വരെ കിഴിവു ലഭിക്കും. അതുപോലെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും മറ്റൊരു ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് മാറുമ്പോഴും നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം.
